ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാപള്ളിയുടെ സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പെതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന വസ്തു കണ്ടെത്തിയതിനെത്തുടർന്നുള്ള പോലീസ് നടപടികൾ മന്ദഗതിയിൽ.
കഴിഞ്ഞ 13നാണ് സെമിത്തേരിയിലെ 38ാം നമ്പർ കല്ലറ തുറന്നപ്പോൾ ഉള്ളിൽ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്നു തോന്നിപ്പിക്കുന്ന വസ്തുവും കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത തോന്നിയ പള്ളി അധികൃതർ അന്നുതന്നെ പോലീസിൽ വിവരമറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് തുറന്ന കല്ലറ അടച്ച് സെമിത്തേരി പൂട്ടുകയായിരുന്നു.
സ്ഥലത്തില്ലായിരുന്നു ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ എത്തിയ ശേഷം പോലീസും പള്ളി കമ്മിറ്റി ഭാരവാഹികളും ചേർന്ന് മരണ രജിസ്റ്ററുകൾ പരിശോധിച്ചു. കുടുംബക്കല്ലറ ഇല്ലാത്ത പള്ളിയിൽ 38-ാം നമ്പർ കല്ലറയിൽ മുന്പ് സംസ്കരിച്ച കുടുംബങ്ങളിലെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച് കല്ലറ ഉറപ്പുവരുത്തിയ ശേഷം ദുരൂഹത ഇല്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചെങ്കിലും അന്വേഷണം വേണമെന്നായിരുന്നു ഇടവക വികാരിയും ഇടവകക്കാരും മുന്നോട്ടു വച്ച ആവശ്യം. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹങ്ങൾ സംസ്കരിക്കാറില്ല.
ഒരു സംസ്കാരം കഴിഞ്ഞ കല്ലറയിൽ വീണ്ടും സംസ്കാരം നടത്തേണ്ടി വരുന്പോൾ കല്ലറ വൃത്തിയാക്കി മണൽ ഉൾപ്പെടെയുള്ള വസ്തുക്കൾ നിരത്തി വെള്ളത്തുണി വിരിച്ച ശേഷമാണ് സംസ്കാരം നടത്തുക. നിലവിൽ 2006ലും 2015 ലുമാണ് 38 നമ്പർ കല്ലറയിൽ സംസ്കാരം നടന്നിരിക്കുന്നത്. 2015ൽ ജയിംസ് എന്നയാളെയായിരുന്നു സംസ്കരിച്ചത്. 2006ലെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കല്ലറയിൽ അവശേഷിക്കുന്നതിനു യാതൊരു സാധ്യതയുമില്ല. അടിമുടി ദുരൂഹത നിറഞ്ഞ സംഭവത്തിൽ കല്ലറ തുറന്ന് അന്വേഷണം നടത്തണമെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടിട്ടും സംഭവത്തിൽ പോലീസ് ഇതുവരെ എഫ്ഐആർ പോലും ഇട്ടിട്ടില്ല .
പോലീസ് നിഗമനം തള്ളി ബന്ധുക്കൾ
ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ 38 നമ്പർ കല്ലറയിൽ 2015 ൽ സംസ്കരിച്ച ജയിംസ് കുമ്പുക്കലിന്റെ മൃതദേഹം പായയിൽ പൊതിഞ്ഞാകാം സംസ്കരിച്ചതെന്ന പോലീസ് നിഗമനം തള്ളി ബന്ധുക്കൾ. ജയിംസിന്റെ മൃതദേഹം ക്രിസ്ത്യൻ ആചാര പ്രകാരം പെട്ടിയിലാണു സംസ്കരിച്ചതെന്നും പായയിൽ പൊതിഞ്ഞല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സഹോദരിമാരായ മേരി, മിനി, മിനിയുടെ ഭർത്താവ് തങ്കച്ചൻ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പള്ളിയിൽ എത്തി ഇടവക വികാരിയെ കണ്ടാണ് ഇക്കാര്യം വിശദീകരിച്ചത്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത വീണ്ടും വർധിക്കുകയാണ് . ജയിംസ് മൂന്നു വർഷത്തോളമായി ഭാര്യയുമായി പിണങ്ങി സഹോദരി മേരിക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അസുഖ ബാധിതനായിരുന്ന ജയിംസ് പരിയാരം മെഡിക്കൽ കോളജിൽവച്ചാണു മരിച്ചത്. ഇവിടെനിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം സംസ്കാരത്തിനായി പള്ളിയിൽ എത്തിച്ചത്.
മൃതസംസ്കാര നടപടികളുടെയെല്ലാം മേൽനോട്ടം വഹിച്ചത് സഹോദരി മേരിയുടെ ഭർത്താവാണ്. 38 നമ്പർ കല്ലറ തുറന്ന് അറക്കപ്പൊടിയും മണലും നിരത്തി വെള്ളത്തുണി വിരിച്ച ശേഷമാണ് സംസ്കരിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ആറടിയോളം ഉയരമുള്ള വ്യക്തിയായിരുന്നു ജയിംസ് എന്നാണ് ഇവർ പറയുന്നത്. കല്ലറയിൽ പായയിൽ പൊതിഞ്ഞു കാണുന്ന വസ്തുവിനു കൂടിയാൽ അഞ്ചടി മാത്രമേ നീളമുള്ളൂ.
മൃതദേഹം പള്ളിയിൽ എത്തിച്ചശേഷം മാത്രമാണ്, പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ സംസ്കാര ചടങ്ങിൽ എത്തിയതെന്നും ഇവർക്കു സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണു ബന്ധുക്കൾ ഇടവക വികാരിയെ ധരിപ്പിച്ചിരിക്കുന്നത്. സംഭവത്തിന്റെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ ഉന്നത പോലീസ് അധികാരികൾ നാളെ സ്ഥലത്ത് എത്തുമെന്നും വിവരമുണ്ട്.